ആലപ്പുഴ: ജിംനേഷ്യത്തിന്‍റെ മറവില്‍ രാസലഹരി കച്ചവടം നടത്തിവന്ന യുവാവിന്‍റെ ബാങ്ക് അക്കൗണ്ടിലെ തുക പൊലീസ് കണ്ടുകെട്ടി.
നൂറനാട് വില്ലേജില്‍ പാലമേല്‍ മുറിയില്‍ കൈലാസം വീട്ടില്‍ അഖില്‍ നാഥ് (31) എന്നയാളുടെയും ഇയാളുടെ ഉടമസ്ഥതയിലുള്ള 'പവർ ഹൗസ്' ജിംനേഷ്യത്തിന്‍റെയും അക്കൗണ്ടുകളിലുണ്ടായിരുന്ന അരലക്ഷം രൂപയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രിബ്യൂണല്‍ കണ്ടുകെട്ടിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എംകെ ബിനുകുമാറിന്‍റെ മേല്‍ത്തിലാണ് ഈ ശക്തമായ നടപടി സ്വീകരിച്ചത്. ലഹരിക്കടത്തിലൂടെ സമ്പാദിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നിയമത്തിലെ പ്രത്യേക വകുപ്പുകള്‍ ഉപയോഗിച്ചാണ് കേരളാ പൊലീസിന്‍റെ ഈ നീക്കം.
2019 മുതല്‍ പടനിലത്തും പിന്നീട് കുടശ്ശനാട്ടും ജിംനേഷ്യം നടത്തിവരികയായിരുന്നു അഖില്‍ നാഥ്. ജിമ്മിലെത്തുന്ന യുവാക്കളെയും യുവതികളെയും ആദ്യം സൗഹൃദപൂർവ്വം വീട്ടിലെ പാർട്ടികള്‍ക്ക് ക്ഷണിക്കുകയും അവിടെവെച്ച് സൗജന്യമായി രാസലഹരി നല്‍കി ശീലിപ്പിക്കുകയുമായിരുന്നു ഇയാളുടെ രീതി. ലഹരിക്ക് അടിമകളായിക്കഴിഞ്ഞാല്‍ ഇവരില്‍ നിന്നും വൻ തുക ഈടാക്കി വില്‍പ്പന നടത്തും. ബാംഗ്ലൂരില്‍ നിന്നും എത്തിച്ച 50 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ഒക്ടോബറിലാണ് അഖില്‍ നാഥും സുഹൃത്തായ ജിം ട്രെയിനറും പിടിയിലായത്.
ഇവരെ ചോദ്യം ചെയ്തതിലൂടെ ലഹരി എത്തിച്ചുനല്‍കിയ കാസർകോട്, കോഴിക്കോട് സ്വദേശികളെയും കേസിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശി മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീമിനെയും നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികള്‍ ലഹരി വില്‍പനയിലൂടെ സമ്പാദിച്ച പണം അക്കൗണ്ടുകളില്‍ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ചെന്നൈ ആസ്ഥാനമായുള്ള ട്രിബ്യൂണല്‍ തുക കണ്ടുകെട്ടാൻ ഉത്തരവിട്ടത്. ലഹരി മാഫിയക്കെതിരെ ജില്ലയില്‍ ശക്തമായ പരിശോധനകള്‍ തുടരുമെന്നും ലഹരിപ്പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ ബിനാമി സ്വത്തുക്കളും വാഹനങ്ങളും വരും ദിവസങ്ങളില്‍ സമാനമായ രീതിയില്‍ കണ്ടുകെട്ടുമെന്നും പൊലീസ് അറിയിച്ചു.











































































