കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബം. മുന്നോട്ടുപോകണമെങ്കില്‍ സര്‍ക്കാര്‍ പിന്തുണ വേണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. സഹായം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ സംസാരിക്കുന്നതിനാണ് മന്ത്രി വരുന്നതെന്നാണ് മനസിലാക്കുന്നത്. തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളും മന്ത്രിയെ അറിയിക്കും.
സര്‍ക്കാര്‍ കൂടെയുണ്ടാകും എന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞിരുന്നുവെന്നും വിശ്രുതന്‍ പറഞ്ഞു. മകള്‍ നവമിയുടെ ശസ്ത്രക്രിയയാണ് പ്രധാനം. അതിന് എല്ലാ സഹായവും ചെയ്തുനല്‍കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം മകളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനാണ് തീരുമാനമെന്നും വിശ്രുതന്‍ പറഞ്ഞു. മന്ത്രി വരുമ്പോള്‍ സഹായം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും പറഞ്ഞു. നഷ്ടമായത് വീടിന്റെ അത്താണിയെയാണ്. കൊച്ചുമകള്‍ നവമിയുടെ ചികിത്സാ ചെലവും കടബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കണം. നവനീതിന് താത്ക്കാലിക ജോലി ലഭിച്ചിട്ട് കാര്യമില്ല. സര്‍ക്കാര്‍ സ്ഥിരം ജോലി നല്‍കണം. കുടുംബം മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും സീതാലക്ഷ്മി പറഞ്ഞു.