കോട്ടയം: പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഹെവിയ റബർ കമ്പനി ഫാക്ടറിക്ക് ഉള്ളിൽ കയറണമെന്ന ആവശ്യവുമായാണ് പ്രതി ഇവിടേക്ക് എത്തിയത്. എന്നാൽ സെക്യൂരിറ്റി ജീവനക്കാരനായ ജോസ് ഇത് തടഞ്ഞു. ആവശ്യം നിരസിച്ചതിനെ തുടർന്ന് പ്രകോപിതനായ ഇയാൾ ജോസിനെ കമ്പിവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ജോസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.












































































