ആയിരങ്ങള്‍ അണിനിരക്കുന്ന ചതയദിന ഘോഷയാത്രയ്ക്കുമഹസമ്മേളനത്തിനും സംസ്ഥാനം ഇന്ന് സാക്ഷ്യം വഹിക്കും.
സമൂഹ പ്രാര്‍ത്ഥന, പ്രത്യേക പൂജകള്‍, പതാക ഉയര്‍ത്തല്‍, പൊതുസമ്മേളനം, ഇരുചക്ര വാഹന റാലി, വൈകിട്ട് വര്‍ണശബളമായ ജയന്തി ഘോഷയാത്ര എന്നിവ നടക്കും.
രാവിലെ 9.30-ന് ജയന്തി സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ ആധ്യക്ഷ്യം വഹിച്ച് ജയന്തിസന്ദേശം നൽകും. പ്രൊഫ. എം.കെ.സാനുവിനെ 'ശ്രീനാരായണ സാഹിത്യ കുലപതി' ബഹുമതി നൽകി ശിവഗിരി മഠം ആദരിക്കും. സ്വാമി സച്ചിദാനന്ദ രചിച്ച 'ശ്രീശാരദാമഠം ചരിത്രം' എന്ന പുസ്തകത്തിന്റെ പ്രകാശനം കെ.ജി.ബാബുരാജിന് നൽകി ഗോകുലം ഗോപാലൻ നിർവഹിക്കും. ഗുരുജയന്തി മുതൽ മഹാസമാധിദിനം വരെ തുടരുന്ന ജപയജ്ഞം ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യും. ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, അടൂർ പ്രകാശ് എം.പി., വി.ജോയി എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും.
വൈകീട്ട് 4.30-ന് ഗുരുദേവ റിക്ഷ എഴുന്നള്ളിച്ചുള്ള ജയന്തി ഘോഷയാത്ര ശിവഗിരിയിൽ നിന്നു പുറപ്പെടും. ഘോഷയാത്ര റെയിൽവേ സ്റ്റേഷൻ, മൈതാനം, പുത്തൻചന്ത, മരക്കടമുക്ക്, കിടാവത്തുവിള, പാലച്ചിറ, വട്ടപ്ലാംമൂട്, ശിവഗിരി എസ്.എൻ.കോളേജ് വഴി സഞ്ചരിച്ച് രാത്രി ഒൻപതിന് മഹാസമാധിയിൽ തിരിച്ചെത്തും. ഘോഷയാത്രയ്ക്ക് അകമ്പടിയായി ഗുരുദേവ വിഗ്രഹം വഹിക്കുന്ന രഥം, പഞ്ചവാദ്യം, വിവിധയിനം കലാരൂപങ്ങൾ, താളമേളങ്ങൾ, ഗുരുദേവദർശനം പ്രതിഫലിപ്പിക്കുന്ന ഫ്ളോട്ടുകൾ എന്നിവ അണിനിരക്കും. ജയന്തി ഘോഷയാത്രയുടെ വിളംബര ഘോഷയാത്ര മൂന്നിന് ശിവഗിരിയിൽ നിന്നാരംഭിക്കും.













































































