കൊച്ചി: റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരേ വീണ്ടും ബലാത്സംഗക്കേസെടുത്ത് പോലീസ്. ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സ്‌ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം, അശ്ലീല പദപ്രയോഗം, ലൈംഗിക ചേഷ്‌ടകള്‍ കാട്ടി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.2020 ഡിസംബറിലാണു പരാതിക്ക് ആസ്‌പദമായ സംഭവം.
രണ്ടാഴ്‌ച മുന്‍പ് വേടനെതിരേ പരാതിയുമായി രണ്ടു യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. ഈ പരാതി അതതു പോലീസ് സ്‌റ്റേഷനുകളിലേക്കു മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറി. ഇതിലൊന്നിലാണു പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഈ മാസം 21-നാണ് എഫ്.ഐ.ആര്‍ ഇട്ടത്.
2020 ഡിസംബര്‍ 20ന് കൊച്ചിയിലെ ഫ്‌ളാറ്റില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരി ഇപ്പോള്‍ കേരളത്തിനു പുറത്താണ്. മൊഴി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണു പുതിയ കേസ്.