ചേര്‍ത്തലയില്‍ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങള്‍ മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കത്തിയനിലയില്‍ ആയിരുന്നു അസ്ഥികള്‍ കണ്ടെടുത്തത്. അതേസമയം, മരിച്ചത് കാണാതായ ജൈനമ്മയാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇത് സ്ഥിരീകരിക്കുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്കായി ജൈനമ്മയുടെ കുടുംബം ഇന്ന് സാമ്പിളുകള്‍ നല്‍കും. ഇന്നലെയാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഒന്നര പതിറ്റാണ്ടിന് മുമ്പ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭന്‍ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ കണ്ടെത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചേര്‍ത്തല പള്ളിപ്പുറം ചെങ്ങത്തറ വീട്ടില്‍ സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പില്‍ നിന്നും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായതായാണ് വിവരം.
ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പത്മനാഭന്‍ (47), കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ജയ്‌നമ്മ എന്നിവരെ കാണാതായ സംഭവങ്ങളില്‍ സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ അന്വഷണത്തിലാണ് വീട്ട് വളപ്പില്‍ പരിശോധന നടത്തിയത്. ലഭിച്ച അവശിഷ്ടങ്ങള്‍ കൂടുതല്‍ ശാസ്ത്രീയപരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഇതു കാണാതായ സ്ത്രീകളിലാരുടെയെങ്കിലുമാണേയെന്നു തിരിച്ചറിയാനാകുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
തിങ്കളാഴ്ച മൂന്ന് മണിയോടെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി ഗിരീഷ് .പി സാരഥിയുടെ നേതൃത്വത്തില്‍ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ പരിശോധന തുടങ്ങിയിരുന്നു. രണ്ട് സ്ഥലങ്ങളില്‍ കുഴിയെടുത്ത ശേഷമാണ് അസ്ഥി കഷണങ്ങള്‍ കണ്ടെടുത്തത്. ഇതോടെ വീടും പരിസരവും പൊലീസ് പൂര്‍ണമായും ബന്തവസിലാക്കി.