തിരുവനന്തപുരം: ഭക്ഷണശാലയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്കപ്പുരത്തെ ആർഷ ഫാസ്റ്റ് ഫുഡ് കടയുടമ വിജയനാണ് മരിച്ചത്. പൊട്ടിത്തെറിയിൽ കടയുടെ ഷട്ടർ താഴെവീണതിനാൽ വിജയന് രക്ഷപ്പെടാനായിരുന്നില്ല.
രാവിലെ അഞ്ചരയോടെയാണ് വിജയൻ കടയിലെത്തിയത്. കൂടെ ഭാര്യയും കൊച്ചുമകനും ഉണ്ടായിരുന്നു. പതിനൊന്നരയോടെ ഇരുവരും വീട്ടിലേക്ക് മടങ്ങി. 12 മണിയോടെ വിജയൻ കടയ്ക്കുള്ളിലായിരുന്നപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കടയുടെ ഷട്ടർ വീണതിനാൽ വിജയന് പുറത്തിറങ്ങാനായില്ല. ഫയർഫോഴ്‌സ് എത്തി ഷട്ടർ പൊളിച്ചാണ് വിജയൻറെ മൃതദേഹം പുറത്തെടുത്തത്.