സ്കൂൾ കലോത്സവത്തെ ആർഭാടത്തിൻ്റെ വേദിയാക്കരുതെന്ന് ഹൈക്കോടതി. സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും നിർദ്ദേശവുമായി ഹൈക്കോടതി. ദരിദ്ര ചുറ്റുപാടുകളിൽ നിന്നുവരുന്ന കഴിവുള്ള കുട്ടികൾക്ക് ഇതിനുള്ള ചെലവ് താങ്ങാൻ ആകില്ല. വിജയിക്കുക എന്നതിനേക്കാൾ പങ്കെടുക്കുക എന്നതാണ് പ്രധാനം എന്ന് തിരിച്ചറിയണം. പരാജയം ഉൾക്കൊള്ളാൻ കുട്ടികളെ രക്ഷിതാക്കൾ സജ്ജരാക്കിയില്ലെങ്കിൽ ഇത്തരം കലോത്സവങ്ങൾ അവരെ വിഷാദ രോഗത്തിലേക്ക് തള്ളി വിട്ടേക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കലോത്സവവുമായി ബന്ധപ്പെട്ട അപകടം ഉണ്ടായാൽ സംഘാടകർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു. റവന്യൂ ജില്ലാ കലോത്സവ വിധി നിർണയത്തിനെതിരായ ഒരു കൂട്ടം ഹർജികൾ തള്ളി കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കോഴിക്കോടാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാവുക. ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് കലോത്സവം നടക്കുക.
