ഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ് അധിർ രഞ്ജൻ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പാർട്ടിയെ മുൻകൂട്ടി അറിയിക്കാതെ നടത്തിയ ഈ നീക്കം കോണ്‍ഗ്രസ് ഹൈക്കമാൻഡില്‍ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവില്‍ പാർട്ടിയുമായി അകല്‍ച്ചയിലുള്ള അധിർ രഞ്ജൻ, തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ കണ്ടത് രാഷ്ട്രീയ ചുവടുമാറ്റത്തിന്റെ സൂചനയാണോ എന്ന സംശയത്തിലാണ് രാഷ്ട്രീയ വൃത്തങ്ങള്‍.
എന്നാല്‍, താൻ ഏതാനും ദിവസങ്ങളായി ഡല്‍ഹിയിലുണ്ടായിരുന്നുവെന്നും അതിനിടെ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്‌മെന്റ് ലഭിച്ചതില്‍ തെറ്റില്ലെന്നുമാണ് അധിർ രഞ്ജൻ ചൗധരിയുടെ ഔദ്യോഗിക പ്രതികരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്ന തൊഴിലാളികള്‍ നേരിടുന്ന ക്രൂരമായ അക്രമങ്ങളെക്കുറിച്ചാണ് അധിർ രഞ്ജൻ പ്രധാനമന്ത്രിയുമായി പ്രധാനമായും ചർച്ച ചെയ്തത്. ബംഗാളി സംസാരിക്കുന്നവരെയെല്ലാം ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരായി ഭരണകൂടവും മറ്റുള്ളവരും തെറ്റിദ്ധരിക്കുകയാണെന്നും ഇത് അനാവശ്യമായ വർഗീയ സംഘർഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണമാകുന്നുവെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനങ്ങളും പീഡനങ്ങളും അവസാനിപ്പിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകള്‍ക്കും കർശന നിർദ്ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികള്‍ക്കെതിരെ നടന്ന ക്രൂരമായ ആക്രമണങ്ങളുടെ വിവരങ്ങളും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. ഒഡീഷയിലെ സംബല്‍പൂരില്‍ മുർഷിദാബാദ് സ്വദേശിയായ ജുവല്‍ റാണ എന്ന മുപ്പതുകാരൻ വെറുമൊരു ബിഡി ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ കൊല്ലപ്പെട്ട സംഭവം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. സമാനമായി മുംബൈയില്‍ രണ്ട് തൊഴിലാളികളെ അനധികൃത നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതും വിഷയമാക്കി. കഴിഞ്ഞ പത്ത് മാസത്തിനിടെ ബംഗാള്‍ മൈഗ്രന്റ്‌സ് വെല്‍ഫെയർ ബോർഡിന് ലഭിച്ച 1,143 പരാതികളില്‍ ഭൂരിഭാഗവും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നിന്നാണെന്ന വസ്തുതയും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് അധിർ രഞ്ജൻ ചൗധരി പറയുന്നു.
തെരഞ്ഞെടുപ്പിന് മുൻപ് അധിർ രഞ്ജൻ ചൗധരിയെപ്പോലൊരു മുതിർന്ന നേതാവ് നടത്തിയ ഈ കൂടിക്കാഴ്ചയെ അവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നോക്കിക്കാണുന്നത്. ബംഗാളിലെ മതുവ സമുദായം വോട്ടർ പട്ടികയില്‍ നേരിടുന്ന പ്രശ്നങ്ങളും അദ്ദേഹം ചർച്ചയില്‍ ഉള്‍പ്പെടുത്തിയതായാണ് സൂചന. പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ക്ക് സാധ്യതയുള്ള ഈ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് പരസ്യ നിലപാടെടുക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.















































































