കോഴിക്കോട്: മന്ത്രി എ.കെ. ശശീന്ദ്രനെതിരെ കോഴിക്കോട് ജില്ലയിലെ എൻസിപിയിൽ പ്രമേയം ഉയർന്നിരിക്കുകയാണ്. ജില്ലയിലെ 13 മണ്ഡലം കമ്മിറ്റികളിൽ പത്ത് കമ്മിറ്റികൾ ശശീന്ദ്രൻ ഇനി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ആവശ്യവുമായി പ്രമേയം പാസാക്കി. എട്ടുതവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും രണ്ടുതവണ മന്ത്രിസ്ഥാനത്തിലെത്തുകയും ചെയ്ത സാഹചര്യത്തിൽ ഇനി അദ്ദേഹം പിന്മാറണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു. ജില്ലാ കമ്മിറ്റിയിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകൾ തുടരുന്നതിനിടെയാണ് മണ്ഡലം കമ്മിറ്റികളുടെ നിലപാട്.
എ കെ ശശീന്ദ്രൻ മാറി മറ്റൊരു നേതാവിന് അവസരം നൽകണമെന്നതാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ അദ്ദേഹം തയ്യാറല്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. എലത്തൂർ മണ്ഡലത്തിൽ ശശീന്ദ്രനോട് വിരുദ്ധമായ ശക്തമായ പ്രാദേശിക വികാരം നിലനിൽക്കുന്നുണ്ടെന്നും, വീണ്ടും അദ്ദേഹം തന്നെ മത്സരിച്ചാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടേണ്ടിവരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
മുൻപ് തന്നെ എൻസിപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ശശീന്ദ്രൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക പാർട്ടിയുടെ ദേശീയ നേതൃത്വമാണെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.
1980 മുതൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായ എ.കെ. ശശീന്ദ്രൻ ഏഴ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്. ഏകദേശം പത്ത് വർഷം മന്ത്രിയായും പ്രവർത്തിച്ചു. പാർട്ടി നിർദ്ദേശം നൽകിയാൽ ഈവണയും എലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന നിലപാടിലാണ് ശശീന്ദ്രൻ.














































































