കുട്ടനാട്ടിൽ സ്വതന്ത്രനായി മത്സരിക്കാൻ നാമനിർദേശ പത്രിക നല്‍കിയ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പത്രിക പിൻവലിക്കും. കുട്ടനാട് സീറ്റ് കേരള കോൺഗ്രസില്‍ നിന്ന് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സജി ജോസഫ് വിമതനായി മത്സരിക്കാൻ തീരുമാനിച്ചത്.
തുടർന്ന് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജി വെച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചർച്ചയെ തുടർന്നാണ് പത്രിക പിൻവലിക്കാൻ അദ്ദേഹം തീരുമാനിച്ചത്. യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിൽ കേരള കോൺഗ്രസിലെ റെജി ചെറിയാനാണ് യുഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന് കുട്ടനാട് സീറ്റ് നഷ്ടമായത്.













































































