ചെന്നൈ: മലയാള സിനിമയിലെ ഒരുകാലത്തെ ഹിറ്റ് സംഗീതങ്ങൾക്ക് പിന്നിലെ കരുത്തായ സംഗീത സംവിധായകൻ എസ്.പി. വെങ്കടേഷ് (എസ്.പി.വി) അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
1955 മാർച്ച് 5ന് തമിഴ്നാട്ടിൽ ജനിച്ച എസ്.പി. വെങ്കടേഷ്, തെന്നിന്ത്യൻ സിനിമാലോകത്ത് 'സംഗീതരാജൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 1985 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ പുറത്തിറങ്ങിയ നിരവധി മലയാള ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി മാറിയതോടെ മലയാള സംഗീതരംഗത്ത് അദ്ദേഹം ശക്തമായ സാന്നിധ്യമായി.
പഴനി എന്ന മാൻഡലിൻ വാദകനായ പിതാവിന്റെ ശിക്ഷണത്തിൽ മൂന്ന് വയസ്സുമുതൽ സംഗീതത്തിലേക്ക് കടന്ന എസ്.പി.വി., മാൻഡലിനിനൊപ്പം ഗിറ്റാർ, ബാഞ്ചോ തുടങ്ങിയ വാദ്യങ്ങളിലും അസാമാന്യ മികവ് തെളിയിച്ചു. രവീന്ദ്രൻ, എ.ടി. ഉമ്മർ എന്നിവരടക്കം നിരവധി സംഗീത സംവിധായകരുടെ സഹായിയായി പ്രവർത്തിച്ച അദ്ദേഹം 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ ഓർക്കസ്ട്രകളിൽ സജീവമായിരുന്നു.
1975ൽ കന്നട സിനിമയിൽ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായാണ് കരിയറിലെ നിർണായക തുടക്കം. 1981ൽ തെലുങ്ക് ചിത്രം പ്രേമയുദ്ധയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 1983 മുതൽ മലയാള സിനിമയിൽ സജീവമായി, 1986ൽ രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനായി.
ഇന്ദ്രജാലം, വാത്സല്യം, കിലുക്കം, ഹിറ്റ്ലർ, സോപാനം, മിന്നാരം, സ്ഫടികം, ദേവാസുരം, മഹായാനം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും അദ്ദേഹത്തെ മലയാളികളുടെ പ്രിയ സംഗീത സംവിധായകനാക്കി. കെ.എസ്. ചിത്രയുടെ ശബ്ദത്തിലൂടെ അനശ്വരമായ നിരവധി ഗാനങ്ങൾക്കും അദ്ദേഹം ഈണം പകർന്നു.
മലയാളത്തിൽ മാത്രം ഏകദേശം 150 ചിത്രങ്ങൾക്ക് സംഗീതം നൽകിയ എസ്.പി.വി., തമിഴ്-തെലുങ്ക് സിനിമകളിലും ഒരു കാലഘട്ടത്തിൽ സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്.












































































