കൊച്ചി : ആലുവയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർമെട്രോയിലെത്താവുന്ന റൂട്ട് പരിഗണനയിൽ. ആലുവയിൽ നിന്ന് 20 മിനിറ്റുകൊണ്ട് വിമാനത്താവളം സ്ഥിതിചെയ്യുന്ന നെടുമ്പാശ്ശേരിയിൽ എത്താവുന്ന രീതിയിലാണ് റൂട്ട്. ഇതുസംബന്ധിച്ച് പ്രാഥമിക സാധ്യതാപഠനം കൊച്ചി മെട്രോ നടത്തിയതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു.
കൊച്ചിയിൽ ജലവഴികളിലൂടെ ബന്ധിപ്പിക്കാവുന്ന പ്രധാനയിടങ്ങളുണ്ട്. വിമാനത്താവളത്തിലേക്കെന്നതിനു സമാനമായി വാട്ടർമെട്രോ ഓടിക്കാവുന്ന ഒൻപത് റൂട്ടുകൾ കൂടി കൊച്ചി മെട്രോ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി വാട്ടർ മെട്രോ മാത്യകയാക്കി രാജ്യത്ത് 18 ഇടങ്ങളിലാണ് സമാനമായ പദ്ധതികൾ നടപ്പാക്കുന്നത്. കൊൽക്കത്ത , ഗോവ , ശ്രീനഗർ , അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇടങ്ങൾ വരെ വാട്ടർമെട്രോയുടെ ആശയത്തിലേക്ക് വന്നുവെന്നും ലോക്നാഥ് ബെഹറ പറഞ്ഞു.












































































