വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ കണ്ടെത്താൻ അന്വേഷണസംഘം വിപുലീകരിച്ചു. കേസെടുത്തു 10 ദിവസം കഴിഞ്ഞും വിദ്യയെ കണ്ടെത്താനാവാതെ വന്നതോടെയാണു പോലീസിന്റെ പുതിയ നീക്കം. സൈബർ സെല്ലിന്റെ സഹായത്തോടെ വിദ്യയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്
വിദ്യ കോഴിക്കോട് ഭാഗത്ത് ഉണ്ടെന്ന് പോലീസ് സംശയിക്കുന്നു.അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അഭിമുഖത്തിന് കെ വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വിവരം കിട്ടിയത്. കാറിൽ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.
ജൂൺ രണ്ടിനാണ് വിദ്യ കോളേജിൽ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തിൽ വലിയ തോതിൽ ആശയ കുഴപ്പം ഉണ്ടായിരുന്നു. പൊലീസ് കോളേജിലെത്തിയപ്പോൾ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരൻ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു. കോളേജിൽ ആറ് ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് പൊലീസിന് കിട്ടിയ മറുപടി. പൊലീസ് മടങ്ങിപ്പോയ ശേഷം പ്രിൻസിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച് വീണ്ടും പൊലീസ് കോളേജിലെത്തി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.