പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നതോടെ, ഇറാഖിലെ യുഎസ് എംബസിയിലുള്ള അത്യാവശ്യ വിഭാഗത്തിലല്ലാത്ത എല്ലാ സർക്കാർ ജീവനക്കാരോടും രാജ്യം വിടാൻ അമേരിക്ക ഉത്തരവിട്ടു.
സുരക്ഷാ കാരണങ്ങളാലാണ് ഈ അടിയന്തര നീക്കം. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്നതിനും യുഎസ് ഉദ്യോഗസ്ഥർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ മേഖലയിലെ 15 രാജ്യങ്ങളില്‍ കഴിയുന്ന എല്ലാ അമേരിക്കൻ പൗരന്മാരോടും ലഭ്യമായ വിമാനങ്ങളില്‍ ഉടൻ രാജ്യം വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കർശന നിർദ്ദേശം നല്‍കി.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥ മോറ നാംദാർ ആണ് 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ ഈ മുന്നറിയിപ്പ് നല്‍കിയത്. ഗുരുതരമായ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ വാണിജ്യ വിമാനങ്ങള്‍ ലഭ്യമാകുമ്പോള്‍ തന്നെ മടങ്ങാനാണ് നിർദ്ദേശം. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും സൗദിയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ഉണ്ടായതും സ്ഥിതിഗതികള്‍ വഷളാക്കി. ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിന് നേരെ ആക്രമണ സാധ്യതയുള്ളതിനാലാണ് ഉദ്യോഗസ്ഥർക്ക് അവിടെ വിലക്കേർപ്പെടുത്തിയത്.












































































