നാളെ പാതിനോമ്പ്. ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ. വലിയനോമ്പിന്റെ ഇരുത്തിയഞ്ചാം ദിനമായ നാളെ ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങളിൽ പാതിനോമ്പ് ആചരിക്കും. രാവിലെ പ്രഭാതനമസ്ക്കാരം തുടർന്ന് വിശുദ്ധ കുർബാന, സ്ലീബാ ആഘോഷം. പ്രത്യേക ശുശ്രൂഷയോടെ ദേവാലയങ്ങളുടെ മധ്യത്തിൽ സ്ലീബാ സ്ഥാപിക്കും. ഇസ്രയേൽ ജനത്തിന്റെ പാളയത്തിന് നടുവിൽ മോശ രക്ഷയുടെ പിച്ചള സർപ്പത്തെ ഉയർത്തിയത് പ്രകാരമാണ് ദൈവാലയങ്ങളുടെ നടുവിൽ കുരിശ് പ്രതിഷ്ഠിക്കുന്നത്. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊട്ടാരക്കര നെല്ലിക്കുന്നം സെന്റ് ജോർജ് പള്ളിയിൽ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ രാവിലെ 6 മണിക്ക് നമസ്ക്കാരം 7 ന് വിശുദ്ധ കുർബാന തുടർന്ന് സ്ലീബാ ആഘോഷം. ശുശ്രൂഷകൾക്ക് അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ നേതൃത്വം നൽകും.











































































