ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലമായ വയനാട്ടില്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇതിനായി ബുധനാഴ്ച രാഹുല്‍ കോഴിക്കോട് എത്തും. മുതിര്‍ന്ന നേതാക്കള്‍ക്കായിരിക്കും മണ്ഡലത്തിന്റെ ചുമതല.
രാഹുല്‍ വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്കാണ് വയനാട് ജില്ലാ കലക്ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക നല്‍കുക. പാര്‍ട്ടി അധ്യക്ഷന്‍ തന്നെ മത്സരിക്കാന്‍ എത്തുന്നതിനാല്‍ കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതാക്കള്‍ വയനാട്ടിലെ പ്രചാരണ കാര്യങ്ങളുടെ മേല്‍നോട്ടങ്ങള്‍ക്കായി മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്നിക് തുടങ്ങിയവര്‍ ജില്ലയിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഈ മാസം 9ന് എ.കെ ആന്റണി വയനാട്ടില്‍ എത്തുന്നുണ്ട്.