കൊച്ചിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു. ലിസി ജംഗ്ഷനിൽ വച്ചാണ് അപകടം സംഭവിച്ചത്. കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ഇന്ന് 9 മണിയോടെയായിരുന്നു സംഭവം. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് ഇവർ മരിച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മി ബസിനടിയിൽപെടുകയുമായിരുന്നു. ബസിൽ തട്ടി താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
