പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ എ. പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായിരുന്ന സ്ഥാനത്ത് നിന്ന് മാറ്റി; പകരം ഓമല്ലൂർ ശങ്കരൻ ചുമതലയേറ്റു.
മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെതിരായ സംഘടന നടപടിയിൽ നാളെ തീരുമാനം ഉണ്ടാകാം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനാണ് സാധ്യത.
സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പത്മകുമാർ പാർട്ടിക്ക് വിശദീകരണം നൽകിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ജില്ലാ നേതൃത്വം തപാലിലൂടെ വിശദീകരണം തേടിയതിനു ദൂതൻ വഴി മറുപടി കൈമാറുകയായിരുന്നു.
സ്വർണക്കൊള്ള കേസിൽ ജയിലിൽ പോയപ്പോഴും പുറത്തിറങ്ങിയപ്പോഴും പത്മകുമാർ സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നു.














































































