ഭിന്നശേഷി നിയമന പ്രശ്‌നം പരിഹരിക്കപ്പെടാത്തതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. ഒറ്റ ഉത്തരവിലൂടെ തീർക്കാവുന്ന പ്രശ്നം അനന്തമായി നീട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് സംശയിക്കുന്നതായി മാർ തോമസ് തറയിൽ ആരോപിച്ചു. കത്തോലിക്കാ കോൺഗ്രസ് കാസർകോട് നിന്നു തിരുവനന്തപുരത്തേക്ക് നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ചങ്ങനാശേരിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്.
സർക്കാർ അനുകൂല തീരുമാനമെടുക്കാതെ വീണ്ടും കോടതിയിലേക്ക് തള്ളിവിടുകയാണ്. ശമ്പളം ലഭിക്കാത്ത അധ്യാപകർക്ക് വേണ്ടി ഒരു തൊഴിലാളി പാർട്ടിപോലും ശബ്ദം ഉയർത്തുന്നില്ലെന്ന വൈരുധ്യവും നമ്മുടെ നാട്ടിലണ്ട്. വോട്ട് ബാങ്ക് നോക്കി നിലപടുകൾ എടുക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് സമൂഹത്തിന്റെ പൊതുവായ നന്മ നോക്കി നിലപാടുകൾ എടുക്കാൻ സാധിക്കാത്തത് സങ്കടകരമാണ്. ഏത് രാഷ്ട്രീയ പാർട്ടിയാണ് ഞങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതെന്ന് ക്രിസ്ത്യാനി ചിന്തിച്ചാൽ അദ്ഭുതമില്ല. ഒരു സ്കൂളിൻ്റെ അച്ചടക്കം വിദ്യാർഥി ലംഘിക്കുമ്പോൾ പോലും അതിനെ സ്കൂളിനെതിരായി തിരിക്കാനുള്ള ബുദ്ധിപരമായ നീക്കമാണ് ചില മേഖലകളിൽ നിന്നുണ്ടാകുന്നതെന്നും മാർ തോമസ് തറയിൽ പറഞ്ഞു.












































































