കൊച്ചി: മലയാളത്തിന്റെ വിസ്മയ താരം മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അവർ കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയില്‍ വെച്ചാണ് അന്തരിച്ചത്.
തന്റെ അഭിനയ ജീവിതത്തിലെ എല്ലാ ഉയർച്ചകളിലും തണലായി നിന്ന അമ്മയുടെ വിയോഗം മോഹൻലാലിന് വ്യക്തിപരമായി വലിയൊരു നഷ്ടമാണ്.
വിവരമറിഞ്ഞ ഉടൻ തന്നെ നടൻ മമ്മൂട്ടി മോഹൻലാലിന്റെ എളമക്കരയിലെ വീട്ടിലെത്തി. തന്റെ പ്രിയ സുഹൃത്തിനെ ആശ്വസിപ്പിക്കാനും ശാന്തകുമാരി അമ്മയ്ക്ക് ആദരാഞ്ജലികള്‍ അർപ്പിക്കാനുമാണ് മമ്മൂട്ടി എത്തിയത്. സിനിമാ ലോകത്തിനപ്പുറം സഹോദരതുല്യമായ ബന്ധം കാത്തുസൂക്ഷിക്കുന്ന ഇരുവർക്കും ഈ നിമിഷം വൈകാരികമായിരുന്നു.
പത്തനംതിട്ട ഇലന്തൂർ സ്വദേശിനിയായ ശാന്തകുമാരി, മോഹൻലാലിന്റെ പിതാവ് വിശ്വനാഥൻ നായരുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് തിരുവനന്തപുരത്തേക്ക് താമസം മാറിയത്. നഗരത്തിലെ മുടവൻമുഗള്‍ കേശവദേവ് റോഡിലുള്ള 'ഹില്‍വ്യൂ' എന്ന വീട്ടിലായിരുന്നു ദീർഘകാലം അവർ താമസിച്ചിരുന്നത്.
പിന്നീട്, ആരോഗ്യപരമായ കാരണങ്ങളാലും ചികിത്സാ സൗകര്യങ്ങള്‍ക്കായും മോഹൻലാല്‍ അമ്മയെ കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.
അമ്മയുടെ കഴിഞ്ഞ ജന്മദിനാഘോഷം ലാല്‍ സംഘടിപ്പിച്ചതും ഈ വീട്ടില്‍ വെച്ചായിരുന്നു. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം താരം കൊച്ചിയിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് എളമക്കരയിലെ വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങുകയായിരുന്നു.
മാതാപിതാക്കളോടുള്ള ആദരസൂചകമായി 'വിശ്വശാന്തി' (വിശ്വനാഥൻ നായർ + ശാന്തകുമാരി) എന്ന പേരിലാണ് മോഹൻലാല്‍ തന്റെ ജീവകാരുണ്യ ഫൗണ്ടേഷന് രൂപം നല്‍കിയത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് തണലാകുന്ന ആ പേരിന്റെ പകുതിയായ 'ശാന്തി' ഇനി ഓർമ്മ.
പരേതനായ പ്യാരേ ലാല്‍ ആണ് ശാന്തകുമാരിയുടെ മറ്റൊരു മകൻ. സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും.














































































