അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളെ ഗതാഗതമന്ത്രി ചർച്ചക്ക് വിളിച്ചു. ഈ മാസം ഇരുപത്തിരണ്ടാം തിയ്യതി മുതൽ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികളുടെ ഒരു രൂപ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. നാളെ വൈകിട്ട് മൂന്നരക്കാണ് ചർച്ച. ഗതാഗത കമ്മീഷണർ ആദ്യ ഘട്ടത്തിൽ ബസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നുവെന്ന പ്രഖ്യാപനമുണ്ടാവുന്നത്.ഇതിനുപിന്നാലെയാണ് മന്ത്രി സ്വകാര്യ ബസ് ഉടമകളെ ചർച്ചക്ക് വിളിച്ചിരിക്കുന്നത്.