മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാഹനമിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രിക ഇന്നും ദുരിതത്തില്‍. തലയ്ക്ക് പരിക്കേറ്റ പത്മജയ്ക്ക് മൂന്ന് മാസം ശമ്പളത്തോടെ അവധി നല്‍കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഒരുമാസത്തെ ശമ്പളം പോലും ലഭിച്ചിട്ടില്ല. ഗുരുതരമായി പരിക്കേറ്റ പത്മജയ്ക്ക് എട്ടുമാസത്തോളം അവധിയെടുക്കേണ്ടി വന്നിരുന്നു. ആംബുലന്‍സിന് നല്‍കിയ 10,000 രൂപ മാത്രമാണ് ആകെ ലഭിച്ച സഹായമെന്ന് പത്മജ പറയുന്നു.
'വാഹനം ഇടിച്ചപ്പോള്‍ വേണ്ട സഹായം നല്‍കാമെന്ന് മക്കളോട് വാഗ്ദാനം ചെയ്താണ് മന്ത്രി പോയത്. ഒരു പ്രാവശ്യം വിളിച്ച് വേണ്ട സഹായം നല്‍കാമെന്നും ചേച്ചിയെ കാണാന്‍ വരാമെന്നും പറഞ്ഞിരുന്നു. പിന്നെ ബന്ധപ്പെട്ടിട്ടില്ല. രണ്ട് തവണയായി നിവേദനം കൊടുത്തിരുന്നു. ആദ്യത്തെ പോക്കിന് ആംബുലന്‍സ് വാടകയായി 10,000 രൂപ തന്നിരുന്നു. മറ്റൊന്നും ചെയ്തുതന്നില്ല. മൂന്ന് മാസം ശമ്പളത്തോടെയുള്ള അവധിയെന്നാണ് പറഞ്ഞത്. അത് നല്‍കിയിട്ടില്ല', പത്മജ പറഞ്ഞു. അപകടത്തില്‍ കണ്ണിന്റെ കാഴ്ച കുറച്ചു പോയി. കണ്ണിനകത്ത് ഗ്ലാസ് കയറിയിട്ട് ഇപ്പോഴും തുന്നലുണ്ട്. ഞരമ്പ് കട്ടായതിനാല്‍ വിരല്‍ വിറച്ചു കൊണ്ടിരിക്കുമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.