കൊല്ലം കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക പുസ്തകം വച്ച് അടിച്ചതായി പരാതി ഉയർന്നത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചത്.
തലേദിവസം രാത്രി മുഴുവന്‍ ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം ഡസ്‌കില്‍ തലവച്ച് മയങ്ങിപ്പോയി. ക്ലാസിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി മയങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക കട്ടിയുള്ള പുസ്തകം ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
തലയ്ക്ക് തരിപ്പും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. ഞായറാഴ്ച്ച വൈകീട്ട് ആയപ്പോഴേക്കും പനിയും ശരീര വേദനയും അനുഭവപ്പെട്ടു. ഇതോടെ ഭയന്ന പെണ്‍കുട്ടി അധ്യാപിക ഉപദ്രവിച്ച കാര്യം വീട്ടില്‍ പറഞ്ഞു. ഇതോടെയാണ് ചികിത്സ തേടിയത്. തലയ്ക്കകത്ത് രക്തശ്രാവമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നാല് ദിവസം പൂര്‍ണ വിശ്രമം ആവശ്യമാണെന്നും ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. കിഴക്കേ കല്ലട പൊലീസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.