പേരൂർക്കട എസ് എ പി ക്യാമ്പിൽ ആത്മഹത്യ ചെയ്‌ത പോലീസ് ട്രെയിനി ആനന്ദിൻ്റെ കുടുംബം ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കാണും. മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബം കാണാൻ ശ്രമിക്കുന്നുണ്ട്. ആനന്ദിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
പോലീസുകാരുടെ ഭാഗത്തുനിന്ന് പിഴവുമുണ്ടായിട്ടില്ല എന്നായിരുന്നു ബറ്റാലിയൻ കമാൻഡിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ കുടുംബം തള്ളിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പീഡനവും ജാതി അധിക്ഷേപവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേരള ആദിവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എ പി ക്യാമ്പിലേക്ക് ഇന്ന് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.