കോട്ടയം: ആദ്യകാല കലാകാരിയും നൃത്ത അധ്യാപികയും നർത്തകിയുമായ ഭവാനി ചെല്ലപ്പൻ (98)അന്തരിച്ചു. കുമാരനല്ലൂരിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച്ച.
ഗുരു ഗോപിനാഥിന്റെ ശിഷ്യയാണ്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് കോട്ടയത്ത് നൃത്ത വിദ്യാലയം ആരംഭിച്ചത്. 1952ൽ ആരംഭിച്ച 'ഭാരതീയ നൃത്ത കലാലയത്തിൽ' സിനിമ, സീരിയൽ താരങ്ങളടക്കം നൂറുകണക്കിനു വിദ്യാർഥികളാണ് പഠിച്ചിറങ്ങിയത്. ഇന്നും ഇവിടെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ടെങ്കിലും സ്പെഷ്യൽ ക്ലാസുകൾ മാത്രമാണ് ഭവാനി ചെല്ലപ്പൻ കൈകാര്യം ചെയ്യുന്നത്. ശിഷ്യനാണ് മറ്റു ക്ലാസുകൾ നയിക്കുന്നത്. കേരള കലാമണ്ഡലം പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും കലാരംഗത്തെ അതുല്യ നേട്ടങ്ങൾക്ക് തിരുവിതാംകൂർ മഹാരാജാവിൽനിന്നടക്കം ബഹുമതികളും ലഭിച്ചിട്ടുണ്ട്.
വിടവാങ്ങിയ ഭവാനി ദേവി കുമരകത്തിൻ്റെ സംഭാവന *
കുമരകം : കുമരകത്ത് ജനിച്ചു വളർന്ന ഭവാനി ദേവിയുടെ വേർപാട് കലാകേരളത്തിന് തീരാ നഷ്ടമായി. തിരുനക്കര ആസാദ് ലെയ്നിലെ ശങ്കരമംഗലം വീട്ടിൽ പ്രശസ്ത നർത്തകിയും നൃത്താധ്യാപികയുമായ ഭവാനി ദേവി (98) കുമരകം ചെമ്പകശേരിൽ കുടുംബാംഗമാണ്.
പരേതനായ ഡാൻസർ ചെല്ലപ്പനാണ് (ഭാരതീയ നൃത്തകലാലയം) ഭർത്താവ്. മൃതദേഹം നാളെ (ശനിയാഴ്ച ) അഞ്ചിന് തിരുനക്കരയിലെ വീട്ടിൽ എത്തിക്കും. ഞായറാഴ്ച വൈകീട്ട് മൂന്നിന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ സംസ്കാരം നടത്തും.
ഗുരു ഗോപിനാഥിൽനിന്ന് കേരളനടനം ആധികാരികമായി പഠിച്ചവരിൽ ഒരാളായിരുന്നു ഭവാനി ദേവി. അന്നുമിന്നും കേരളത്തിലെ ബാലേ സംഘത്തിന്റെ ഏറ്റവും വലിയ വഴികാട്ടിയായിരുന്നു. കേരള കലാമണ്ഡലം പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം, ഉത്രാടം തിരുനാൾ ഗുരു ശ്രേഷ്ഠ അവാർഡ്, ഗുരു ഗോപിനാഥ് നാട്യപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കുമാരനല്ലൂരിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. ഭർത്താവ് ചെല്ലപ്പനൊപ്പം 1952-ൽ ആരംഭിച്ച 'ഭാരതീയ നൃത്ത കലാലയ'ത്തിന്റെ ബാനറിൽ കേരളത്തിനകത്തും പുറത്തും വിദേശത്തുമടക്കം ദമ്പതിമാർ ചേർന്ന് നടത്തിയ ബാലേ അവതരണം മലയാളികൾ നിറഞ്ഞ മനസോടെയാണ് കണ്ടിരുന്നത്. കുമരകം ചെമ്പകശേരിൽ പദ്മനാഭ പിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും മൂത്ത പുത്രിയായ ഭവാനി ദേവി, 13-ാം വയസിലാണ് ഗുരു ഗോപിനാഥിന്റെ ശിഷ്യയാകുന്നത്. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയ്ക്ക് പുറമേ കേരളനടനവും ചിട്ടയോടെ പഠിച്ചു. ഗുരുഗോപിനാഥിന്റെയടുത്ത് സഹപാഠിയായിരുന്നു ഭർത്താവ് ചെല്ലപ്പൻ.
മക്കൾ: സി.ഗോപാലകൃഷ്ണൻ നായർ (റിട്ട.ഐ.ബി ഓഫീസർ), സി.രാമചന്ദ്രൻ (റിട്ട.കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ), സി. രാധാകൃഷ്ണൻ (റിട്ട.ജനറൽ മാനേജർ,പാരഗൺ). മരുമക്കൾ: ശശിപ്രഭ ജൗഹരി, ശോഭ രാമചന്ദ്രൻ, പത്മജാ രാധാകൃഷ്ണൻ.