ഗുണ്ടാ സംഘങ്ങളുമായി ബന്ധം പുലർത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. റാങ്ക് വ്യത്യാസമില്ലാതെ നടപടിയെടുക്കുമെന്ന് പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിൽ ഡിജിപി നിർദേശിച്ചു. ഗുണ്ടാബന്ധമുള്ളവർ നിയമത്തിൻ്റെ പഴുതിലൂടെ രക്ഷപ്പെടാൻ ഇത്തരം സംഘങ്ങൾക്ക് അവസരം നൽകരുതെന്ന് ഡിജിപി പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് ഗുണ്ടകളുമായി ബന്ധമുള്ളവരുടെ വിവരം നൽകണം. കൃത്യമായ നിയമോപദേശം തേടി നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കി. ഡിഐജിമാരും ജില്ലാ പൊലീസ് മേധാവിമാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നതതല യോഗം കഴിഞ്ഞ ആറുമാസത്തെ പൊലീസിൻ്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
