പത്തനംതിട്ടയിൽ ഡിജെ ആർട്ടിസ്റ്റിന്റെ ലാപ്ടോപ്പ് പോലീസ് ഉദ്യോഗസ്ഥൻ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിനു നിർദ്ദേശം നല്‍കി മുഖ്യമന്ത്രി.
ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പൊലീസ് ഇടപെടലുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് അന്വേഷണം നടത്താൻ നിർദ്ദേശം നല്‍കിയത്.
പൊലീസിന്റെ അതിക്രമത്തില്‍ ഡിജെ കലാകാരൻ അഭിരാം സുന്ദറിന്റെ ലാപ്ടോപ്പ് ഉള്‍പ്പെടെ തകർന്നിരുന്നു. പൊലീസിന്റെ അതിക്രമത്തില്‍ പരാതിയുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്നാണ് ഡിജെ കലാകാരൻ അഭിരാം സുന്ദർ പറയുന്നത്. തനിക്ക് നീതി കിട്ടണമെന്നും കേരള പോലീസ് തനിക്ക് ഒരു ലാപ്ടോപ്പ് വാങ്ങിത്തരണമെന്നും അഭിരാം പറഞ്ഞു. തനിക്കെതിരെ ചുമത്തിയ കേസുകള്‍ പിൻവലിക്കണമെന്നും അഭിരാം ആവശ്യപ്പെട്ടു.
ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. സ്റ്റേജിലേക്ക് കയറിയ പൊലീസുകാരൻ ലാപ്ടോപ്പിൽ ചവിട്ടുന്ന ദൃശ്യങ്ങള്‍ അടക്കം അഭിരാം സുന്ദർ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചു. ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് പൊലീസ് അതിക്രമത്തില്‍ തകർന്നതായാണ് അഭിരാം സുന്ദറിന്റെ ആരോപണം. അടി ഉണ്ടായതോടെയാണ് ഇടപെട്ടതെന്നാണ് പത്തനംതിട്ട പൊലീസിന്റെ വിശദീകരണം.














































































