സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ നാലാം ശനിയാഴ്ച അവധിയാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമ തീരുമാനം കൈക്കൊള്ളും. അവധി സംബന്ധിച്ച് സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥകളിൽ സംഘടനകളുടെ എതിർപ്പ് ശക്തമായതോടെയാണ് ചീഫ് സെക്രട്ടറി, ഫയൽ മുഖ്യമന്ത്രിക്ക് കൈമാറുന്നത്.വ്യവസ്ഥകളില്ലാതെ അവധി അനുവദിക്കണമെന്ന സംഘടനകളുടെ ആവശ്യങ്ങൾ ഉൾപ്പടെയാണ് ഫയൽ കൈമാറുന്നത്. നാലാം ശനിയാഴ്ച അവധിയാക്കണമെന്ന നിലപാടിൽ സംഘടനകൾക്കെല്ലാം യോജിപ്പ്. എന്നാൽ വ്യവസ്ഥകളോടാണ് എതിർപ്പ്.

തുടർന്നാണ് ഫയലിൽ
മുഖ്യമന്ത്രി തന്നെ തീരുമാനമെടുക്കട്ടെയെന്ന നിലപാടിൽ ചീഫ് സെക്രട്ടറിയെത്തിയത്.
തീരുമാനം മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമ്പോൾ ഭരണപക്ഷാനുകൂല സംഘടനകളുടെ
എതിർപ്പുണ്ടാകില്ല. സംഘടനകളുമായി ചീഫ് സെക്രട്ടറിയും ഭരണപരിഷ്കാര വകുപ്പ്
സെക്രട്ടറിയും നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല. നിലവിലെ വ്യവസ്ഥകളിൽ മേൽ
അവധി വേണ്ടെന്ന നിലപാട് ഇടതുപക്ഷ അനുകൂല സംഘടനകൾ അറിയിച്ചു. ഇളവുവേണമെന്നു
പ്രതിപക്ഷ സംഘടനകളും. ഇതോടെയാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്. ആവശ്യങ്ങൾ എഴുതി
നൽകാനും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.