ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ജാസ്ലിയ ജോണ്‍സണെന്ന പെണ്‍കുട്ടിയെ ഇടിച്ച് കടന്നു കളഞ്ഞ കാർ ആലപ്പുഴ തുറവൂരില്‍ നിന്ന് കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്റേതാണ് വാഹനം. വാഹനം പരിശോധനയ്ക്ക് വിധേയമാക്കി. ജോര്‍ജ് തോമസിന്റെ മകന്‍ ഡോ. സിറിയക്ക് ആണ് വാഹനം ഓടിച്ചിരുന്നത്.
ഫെബ്രുവരി 28ന് വൈകിട്ട് ഏഴരയോടെ അങ്കമാലി ഹോം സയന്‍സ് കോളജിനു സമീപമാണ് എടവനക്കാട് സ്വദേശി ജാസ്ലിയ വാഹനമിടിച്ചത്. കാര്‍ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജാസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചു.
കരള്‍, വൃക്ക, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. അവയവദാനത്തിനുള്ള ശസ്ത്രക്രിയകള്‍ രാജഗിരി ആശുപത്രിയില്‍ ആരംഭിച്ചിട്ടുണ്ട്. വൃക്കകള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കൊച്ചി അമൃത ആശുപത്രിയിലേക്കും നേത്രപടലം ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ രോഗിക്കും നല്‍കും. കരള്‍ രാജഗിരി ആശുപത്രിയിലേക്കുമാണ് നല്‍കുന്നത്.













































































