ഇന്നലെ അർധരാത്രിയാണ് സംഭവം. മോഡലായ യുവതിയെ ആണ് മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതി എത്തിയത്. ഏതാണ്ട് പത്ത് മണിയോടെ യുവതി ബാറിൽ വച്ച് കുഴഞ്ഞു വീണു. ഇതോടെ യുവതിയെ താമസസ്ഥലത്തേക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞ് യുവാക്കൾ യുവതിയെ കാറിൽ കയറ്റി. സുഹൃത്തായ സ്ത്രീ കാറിൽ കയറിയിരുന്നില്ല. തുടർന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ കാറിൽ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ന് രാവിലെയാണ് ഇതേക്കുറിച്ച് പൊലീസിന് പരാതി ലഭിച്ചത്.












































































