ധാക്ക : ഇന്ത്യ വിരുദ്ധ പ്രസ്താവനകളുമായി ബംഗ്ലാദേശ് ജമ അത്തെ ഇസ്ലാമി. രാജ്യത്ത് എല്ലാവർക്കും ആയുധ പരിശീലനം നല്‍കണമെന്നും ഇന്ത്യയെ കീഴടക്കാതെ വിശ്രമമില്ലെന്നും ബംഗ്ലാദേശ് ജമ അത്തെ ഇസ്ലാമി വനിത വിഭാഗം നേതാവ് സയ്യദ ഫാത്തിമ ഫർഹാന.
ഒസ്മാൻ ഹാദിയുടെ മരണത്തെ തുടർന്ന് നടത്തിയ പ്രതിഷേധത്തിലാണ് ഫാത്തിമ ഫർഹാനയുടെ പരാമർശം.15 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് ആയുധ പരിശീലനം നല്‍കണമെന്നും ഇന്ത്യക്കെതിരെ ശക്തമായ പോരാട്ടം നടത്തണമെന്നുമാണ് ഫാത്തിമ ഫർഹാനയുടെ ആഹ്വാനം.
വിദ്യാർത്ഥി നേതാവും ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിനു കാരണമായ പ്രക്ഷോഭത്തില്‍ നിർണായക പങ്കു വഹിച്ച ആളുമായ ഒസ്മാൻ ഹാദി കൊല്ലപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കുന്ന നായ്ക്കളെ ഇല്ലായ്മ ചെയ്തല്ലാതെ അടങ്ങില്ലെന്ന് ഒസ്മാൻ ഹാദിയുടെ സഹോദരിയും മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രവർത്തിച്ചവരെ കണ്ടെത്താൻ ബംഗ്ലാദേശിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സംഭവം ഇന്ത്യക്കെതിരെ തിരിക്കാനാണ് ബംഗ്ലാദേശ് ജമ അത്തെ ഇസ്ലാമിയും ഇന്ത്യ വിരുദ്ധ സംഘടനകളും ശ്രമിക്കുന്നത്.
ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയതിനെ തുടർന്ന് ഇന്ത്യ വിരുദ്ധ ശക്തികള്‍ ബംഗ്ലാദേശില്‍ സജീവമാണ്. ലഷ്കർ ഇ തോയ്ബയും ജെയ്ഷ് ഇ മൊഹമ്മദുമടക്കമുള്ള ഭീകര സംഘടനകള്‍ ബംഗ്ലാദേശില്‍ സജീവമാണ്. ഇന്ത്യക്കെതിരെ നിരവധി പ്രസ്താവനകളും പ്രതിഷേധങ്ങളുമാണ് അരങ്ങേറുന്നത്. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങള്‍ ബംഗ്ലാദേശിനോട് കൂട്ടിച്ചേർക്കുമെന്ന് ഭീഷണി മുഴക്കിയ ആളായിരുന്നു ഒസ്മാൻ ഹാദി. ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിന്റെ ഉന്നത ചുമതലയിലുള്ളവരും ഇന്ത്യ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയിരുന്നു.















































































