സൗദി ദേശീയ ഫുട്ബാൾ ടീം 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി ചരിത്രം കുറിച്ചു. ചൊവ്വാഴ്ച രാത്രി ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി അൽഇൻമ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ യോഗ്യത മത്സരത്തിലെ ഗ്രൂപ് ബി അവസാന റൗണ്ടിൽ ഇറാഖിനെതിരെ ഗോൾരഹിത സമനില പാലിച്ചതോടെയാണ് സൗദി ദേശീയ ടീമായ 'ഗ്രീൻ ഫാൽക്കൺസ്' ലോകകപ്പ് ഫൈനൽസിലേക്കുള്ള തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്.
കളിയിൽ ഇരു ടീമുകൾക്കും നാല് പോയൻറ് വീതമായിരുന്നെങ്കിലും, ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ സൗദി മുന്നിലെത്തി യോഗ്യത നേടി. സൗദി ദേശീയ ടീമിന്റെ ചരിത്രത്തിൽ ഇത് ഏഴാംതവണയും തുടർച്ചയായ മൂന്നാംതവണയുമാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. 1994, 1998, 2002, 2006, 2018, 2022 ലോകകപ്പുകളിലാണ് നേരത്തെ സൗദി ടീം ബൂട്ടണിഞ്ഞത്.