പാലിയേക്കര ടോൾ പിരിവ് വിലക്കികൊണ്ടുള്ള ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിൽ ടോൾ പിരിവ് താത്കാലികമായി നിർത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് തുടരാൻ കോടതി നിർദേശം നൽകിയത്. ഈ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റി നൽകിയ ഹർജിയിൽ ആണ്
കോടതി ഉത്തരവ്.
ടോൾ പിരിവ് പുനരാരംഭിക്കുന്ന വിഷയത്തിൽ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ദേശീയ പാത അതോറിറ്റിയുടെ ഹർജി പരിഗണിക്കവേ റോഡിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ജില്ലാ കളക്ടറോട് കോടതി വിവരം തേടി.
ആകെ 60 കിലോമീറ്റർ റോഡിനാണ് ടോൾ പിരിക്കുന്നത്. എന്നാൽ ഈ ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്നമെന്നാണ് എ.ജി അറിയിച്ചത്. റോഡിൽ എവിടെയൊക്കെയാണ് പ്രശ്നമെന്ന് കോടതി കളക്ടറോട് ചോദിച്ചു. അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് പ്രശ്നമെന്ന് കളക്ടർ മറുപടി നൽകി. ഓൺലൈനായാണ് തൃശൂർ കളക്ടർ ഹൈക്കോടതിയിൽ ഹാജരായത്.