ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കേസില്‍ ലോറിയുടമ മനാഫിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. നേരത്തെ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനാലാണ് ഇന്ന് വീണ്ടും മനാഫിനെ ചോദ്യം ചെയ്യുന്നത്. തന്റെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്നും അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബല്‍ത്തങ്ങടിയിലെ പ്രത്യേക അന്വേഷണസംഘം (SIT) ഓഫീസില്‍ രാവിലെ പത്ത് മണിയോടെ ഹാജരാകാനാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ജയന്ത്, ഗിരീഷ് മട്ടന്നവര്‍ എന്നിവരെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. യൂട്യൂബര്‍ അഭിഷേകിനെയും SIT ചോദ്യം ചെയ്തിട്ടുണ്ട്.