ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉണ്ടായിരിക്കുന്ന എൽപിജി ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
ഗ്യാസ് ലഭ്യത കുറവിനെ തുടർന്ന് ഉണ്ടാകുന്ന പ്രതിസന്ധി നേരിടാനാണ് ഈ അടിയന്തര നടപടി. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാണിജ്യ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യാനും തീരുമാനിച്ചതായി പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു.
അതേസമയം രാജ്യത്തെ ക്രൂഡ് ഓയിൽ വിതരണത്തിൽ നിലവിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും രാജ്യത്തെ ഏകദേശം ഒരു ലക്ഷം പെട്രോൾ പമ്പുകളിലും ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ധന ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമപ്രദേശങ്ങളിൽ ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമായി ഉയർത്തി. നഗരപ്രദേശങ്ങളിൽ ഇത് 25 ദിവസമായി തുടരും. പുതിയ തീരുമാനം ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.
വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകൾ അടയ്ക്കുന്ന സാഹചര്യം ഉണ്ടായി. കേരളത്തിൽ കഴിഞ്ഞ ദിവസം മാത്രം ഏകദേശം 20 ശതമാനം ഹോട്ടലുകൾ അടച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.














































































