കോട്ടയം: ചുമർചിത്രകലയുടെ പാരമ്പര്യ പൈതൃകം സംരക്ഷിക്കുമ്പോഴും അതിനെ സമകാലിക പ്രസക്തിയോടെ മുന്നോട്ട് കൊണ്ടുപോകേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് പ്രശസ്തകവി കുരിപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു.
കോട്ടയം ചുമർചിത്രകലാ സംഗം സംഘടിപ്പിച്ച ചുമർചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്തിന്റെ ചിന്തകളും സാമൂഹിക സാഹചര്യങ്ങളും ചുമർചിത്രങ്ങളിൽ പ്രതിഫലിക്കണമെന്നും, അതുവഴി കല സാധാരണ ജനങ്ങളുമായി കൂടുതൽ അടുപ്പമാർജിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചുമർചിത്രങ്ങൾ വരയ്ക്കുന്ന യുവ കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങളും പ്രോത്സാഹനവും ലഭിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പാരമ്പര്യ ശൈലിയെ മാനിച്ചുകൊണ്ട് പുതുമകൾ പരീക്ഷിക്കണമെന്നും നിർദേശിച്ചു.
പ്രദർശനത്തിൽ നിരവധി പ്രമുഖ കലാകാരന്മാരുടെ കൃതികൾ പ്രദർശിപ്പിച്ചു. കലാരംഗത്തെ പ്രമുഖർ, അധ്യാപകർ, വിദ്യാർത്ഥികൾ, കലാപ്രേമികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മലയാളം മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ചിത്രകാരി പ്രൊഫസർ ജി ഗീതയെ ആദരിച്ചു. സിപിഎം നേതാവ് കെ ജെ തോമസ് അധ്യക്ഷനായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സിപിഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥൻ വൈക്കം വിശ്വൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ അനിൽകുമാർ, പി കെ ഹരികുമാർ, കെ എം രാധാകൃഷ്ണൻ, പി വി സുനിൽ, എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ, ബി ശശികുമാർ, പ്ലാനിങ് ബോർഡ് അംഗം ഡോക്ടർ മിനി സുകുമാർ തുടങ്ങിയവർ സംസാരിച്ചു ചിത്രപ്രദർശനം ഇന്ന് വൈകിട്ട് സമാപിക്കും












































































