അമ്പലപ്പുഴ: അമ്പലപ്പുഴ തോട്ടപ്പള്ളിയിൽ തനിച്ചുതാമസിക്കുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കർ (68) ആണ് പിടിയിലായത്. അമ്പലപ്പുഴ ഡിവൈഎസ്‌പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബലാത്സംഗത്തിനിടെ അറുപത്തിരണ്ടുകാരി കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ചയാണ് തനിച്ചുതാമസിക്കുന്ന 62-കാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളിൽ മുളകുപൊടി വിതറിയിരുന്നു.
അതേസമയം വൈദ്യുതിക്കമ്പി മുറിച്ച് വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിനു കേസെടുത്ത പോലീസ് അന്വേഷണത്തിനായി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ മുപ്പതംഗ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.