വണ്ടൂർ: പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങിപ്പോയ വിദ്യാർത്ഥി മരിച്ചു.
മലപ്പുറം കൂരാട് പനംപൊയില്‍ മരുതത്ത് അബ്‌ദുള്‍ ഗഫൂറിന്റെ മകൻ അയ്‌മൻ ഗഫൂർ (11) ആണ് മരിച്ചത്. കുടുംബാംഗങ്ങളോടൊപ്പമാണ് ഇവർ പുഴയില്‍ കുളിക്കാനായി പോയത്.
ഇന്നലെ വൈകിട്ടായിരുന്നു അപകടമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. കൂരാട് പഴേടം പനംപൊയില്‍ ജിഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയും സ്‌കൂള്‍ ലീഡറുമായിരുന്നു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്നു. ഉപജില്ലാ കലോത്സവത്തില്‍ മലയാളം പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. മൃതദേഹം ഇന്ന് സ്‌കൂളില്‍ പൊതുദർശനത്തിന് വച്ചശേഷം കൂരാട് ജുമാ മസ്‌ജിദില്‍ കബറടക്കും. വിദേശത്തായിരുന്ന പിതാവ് അബ്‌ദുള്‍ ഗഫൂർ വിവരമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.















































































