കൊളംബോ: പാകിസ്‌താനെതിരായ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് 88 റണ്ണിന്റെ ജയം. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 247 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ 43 ഓവറില്‍ 159 റണ്ണിന് ഓള്‍ഔട്ടായി.
തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ പാകിസ്‌താന്‍ നോക്കൗട്ട് കാണില്ലെന്ന് ഉറപ്പായി. ഇന്ത്യ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു. പാകിസ്‌താന്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും തോറ്റിരുന്നു. ടോസ് നേടിയ പാക് നായിക ഫാതിമ സന ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. പാകിസ്‌താനു വേണ്ടി സിദ്ര അമിന്‍ (106 പന്തില്‍ ഒരു സിക്‌സറും ഒന്‍പത് ഫോറുമടക്കം 81) അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. ഇന്ത്യക്കായി ദീപ്‌തി ശര്‍മയും ക്രാന്തി ഗൗഡും മൂന്ന് വിക്കറ്റ് വീതവും സ്‌നേഹ് റാണ രണ്ട് വിക്കറ്റുമെടുത്തു. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ 65 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 46 റണ്ണെടുത്ത ഹര്‍ലീന്‍ ഡിയോളാണു ടോപ് സ്‌കോറര്‍. എല്ലാവര്‍ക്കും മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോറുകളാക്കാന്‍ കഴിഞ്ഞില്ല. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (20 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 35), ജെമീമ റോഡ്രിഗസ് (37 പന്തില്‍ 32), ഓപ്പണര്‍ പ്രതീക റാവല്‍ (37 പന്തില്‍ 31) എന്നിവരും തിളങ്ങി.
നായിക ഹര്‍മന്‍പ്രീത് കൗര്‍ 19 റണ്ണിനും സ്‌റ്റാര്‍ ഓപ്പണര്‍ സ്‌മൃതി മന്ദാന 23 റണ്ണിനും പുറത്തായി. റിച്ചയുടെ ഫിനിഷിങാണ് ഇന്ത്യയെ 250 ന് അടുത്തെത്തിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ മന്ദാനയും റാവലും ചേര്‍ന്ന് 48 റണ്ണെടുത്തു. മന്ദാനയെ ഫാതിമ സന വിക്കറ്റിനു മുന്നില്‍ കുടുക്കി. പിന്നാലെ ഇന്ത്യക്കു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്‌ടമായി. മധ്യ ഓവറുകില്‍ പാക് സ്‌പിന്നര്‍മാര്‍ ഇന്ത്യക്കു സ്‌കോറിങ് ദുഷ്‌കരമാക്കി. പാകിസ്‌താനു വേണ്ടി ഡയാന ബെയ്‌ഗ് നാലു വിക്കറ്റുകളെടുത്തു.