ന്യൂഡൽഹി: ജിഎസ്ടി പരിഷ്കരണം സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിച്ച് വേണമെന്ന് ബിജെപി ഇതര സംസ്ഥാന ധനമന്ത്രിമാർ. നികുതി ഇളവിന്റെ ഗുണം ഉപഭോക്താവിന് ലഭിക്കുമെന്ന് ഉറപ്പിക്കണമെന്നും ധനമന്ത്രിമാർ വ്യക്തമാക്കി. ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞു. 2016-ലെ സ്ഥിതിയിലേക്ക് ഇതുവരെ വരുമാനം എത്തിയിട്ടില്ല.
നികുതി പരിഷ്കരണത്തിലൂടെ ഉണ്ടാകുന്ന നഷ്ടത്തിന്റെ കണക്ക് കേന്ദ്ര സർക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. 85,000 കോടി മുതൽ 2.5 ലക്ഷം കോടി നഷ്ടം ഉണ്ടാകുമെന്നാണ് ചില സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ എങ്കിൽ 71% നഷ്ടവും സംസ്ഥാനങ്ങളായിരിക്കും വഹിക്കേണ്ടി വരികയെന്നും ധനമന്ത്രിമാർ വ്യക്തമാക്കി.
ഇക്കാര്യം അടുത്ത ജിഎസ്ടി യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളം, തമിഴ്നാട്, പഞ്ചാബ്, കർണാടക, തെലങ്കാന, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്.