വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്ന പട്ടികവിഭാഗമടക്കമുള്ള വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാന്റ് 10 ശതമാനം കേരള സർക്കാർ വർധിപ്പിച്ചു. ബജറ്റ് ചർച്ചകൾക്ക് മറുപടി പറയവേയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ലംപ്‌സം ഗ്രാന്റ് വർധിപ്പിച്ചത്. ഇതോടെ 8 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഗ്രാന്റിൽ വർധന ലഭിക്കും. 85 കോടി രൂപ ഇതിനായി ചെലവ് കണക്കാക്കുന്നതായും മന്ത്രി സഭയിൽ വ്യക്തമാക്കി. നിലവിൽ ഹൈസ്കൂൾ തലത്തിൽ 1000 രൂപ, ഡിഗ്രി തലത്തിൽ 1400, പിജി തലത്തിൽ 1900, എം ബി ബി എസ് 3800 എന്നിങ്ങനെയാണ് ലംപ്സംഗ്രാസ് നൽകുന്നത്.
പ്രമോട്ടർമാരുടെ ഹോണറേറിയത്തിലും 1000 രൂപയുടെ വർധന വരുത്തി. പട്ടിക ജാതി വികസന വകുപ്പിൽ 1216 ഉം പട്ടിക വർഗ വികസന വകുപ്പിൽ 1182 ഉം പ്രമോട്ടർമാരുണ്ട്. പട്ടികവിഭാഗക്കാരായ വ്യവസായ സംരംഭകർക്കുള്ള വായ്‌പകളിൽ പലിശ സബ്‌സിഡിയായി 5 ശതമാനം തുക അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.














































































