ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ നവജാതശിശുവും അമ്മയും മരിച്ചു. കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണയും (21) കുട്ടിയും ആണ് മരിച്ചത്. മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധസമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. ചൊവ്വ വൈകിട്ട് അഞ്ച് മണിയോടെ ആണ് നവജാത ശിശു മരണപ്പെട്ടത്.

ചികിത്സാ പിഴവാണ് കുട്ടി മരിക്കാൻ കാരണമെന്നു കാട്ടി അമ്പലപ്പുഴ പോലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി. ശനിയാഴ്ചയാണ് അപർണയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ലേബർ റൂമിലേക്ക് മാറ്റി. പകൽ മൂന്നോടെ കുഞ്ഞിൻറെ പൊക്കിൾകൊടി പുറത്തുവന്നെന്നും, ശസ്ത്രക്രിയ വേണമെന്നും ബന്ധുക്കളെ അറിയിച്ചു. തുടർന്ന് രാംജിത്തിന്റെ അമ്മ ഗീതയിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങിയശേഷം അപർണയെ തീയേറ്ററിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലോടെ കുട്ടി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു. ഹൃദയമിടിപ്പ് കൂടിയതിനാൽ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് ആശുപത്രി ജീവനക്കാരും ബന്ധുക്കളും തമ്മിൽ വാക്കേറ്റവും സംഘർഷാവസ്ഥയും ഉണ്ടായി.