മലപ്പുറം: ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുസ്ലിം ലീഗ്. പ്രധാനമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും ദുരൂഹത നിറഞ്ഞതുമാണന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. പാണക്കാട് വെച്ച് ചേര്‍ന്ന അടിയന്തര രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.
ഏകസിവില്‍ കോഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി മധ്യപ്രദേശില്‍ സംസാരിച്ചതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. കോണ്‍ഗ്രസടക്കം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഏകസിവില്‍ കോഡിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വരുമെന്നാണ് പ്രതീക്ഷ. ദേശീയ പ്രതിപക്ഷ ഐക്യത്തെ ഇത് ബാധിക്കില്ലെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി. ജൂണ്‍ 30ന് ചേരുന്ന ദേശീയ കമ്മറ്റിക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം.
ന്യൂനപക്ഷ വിരുദ്ധ വികാരം ഉയര്‍ത്തി വോട്ട് നേടാനാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ അനന്തരഫലമാണ് മറ്റൊരു കാരണം. എല്ലാ കാര്‍ഡ് ഇറക്കിയിട്ടും അവിടെ പരാജയപ്പെട്ടു. അതുകൊണ്ടാണ് പഴയ തുറുപ്പുചീട്ട് വീണ്ടും ഇറക്കുന്നത്. മണിപ്പൂരില്‍ പോകാന്‍ പറ്റാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇത് മുസ്ലിം വിഷയമല്ല, ഇന്ത്യയിലെ വൈവിധ്യത്തെ തകര്‍ക്കുന്ന ഒന്നാണ്. ഏകസിവില്‍ കോഡ് നടപ്പിലാക്കാന്‍ കഴിയില്ല. വൈവിധ്യമാര്‍ന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ നടപ്പിലാക്കി എടുക്കാന്‍ കഴിയാത്ത ഒന്നാണ് ഏക സിവില്‍ കോഡ്. പ്രധാനമന്ത്രി പ്രതിപക്ഷത്തെ ഭയപ്പെടുകയാണെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടിയും മോദിയുടെ ഏകസിവില്‍ കോഡ് ന്യായീകരണത്തിനെതിരെ രംഗത്തെത്തി. മോദിയുടെ പ്രസംഗം വര്‍ഗ്ഗീയ അജണ്ട സെറ്റ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ്. ഭരണനേട്ടമൊന്നും പറയാനില്ലാത്തതുകൊണ്ടാണ് മോദി ഏകസിവില്‍കോഡ് ചര്‍ച്ചയാക്കുന്നത്. ഏകസിവില്‍ കോഡ് ഇന്ത്യക്ക് യോജിച്ചതല്ലെന്നും ഇത് ഭരണഘടന വിഭാവനം ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യത്യസ്ത ജാതി, മത വിഭാഗങ്ങള്‍ക്ക് ഒറ്റ നിയമം എങ്ങനെയാണ് സാധ്യമാകുക എന്ന് അദ്ദേഹം ചോദിച്ചു.














































































