സജി ചെറിയാനെതിരായ പരാതി ഗവര്‍ണറുടെ പരിഗണനയ്ക്ക് വിട്ട് രാഷ്ട്രപതി. ബെന്നി ബഹനാന് നല്കിയ പരാതിയാണ് ഗവര്‍ണര്‍ക്ക് രാഷ്ട്രപതി കൈമാറിയത്.
ക്യാബിനറ്റ് സെക്രട്ടറി വഴിയാണ് നടപടി. പരാതി പരിശോധിച്ച് അടിയന്തരമായി ഉചിത നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മല്ലപ്പള്ളി പ്രസംഗത്തില്‍ മുന്‍ മന്ത്രി സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് സെക്ഷന്‍ 2 പ്രകാരമാണ് കേസ്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയനെതിരെ ചുമത്തിയത്.
അതേസമയം, ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയില്‍ മുന്‍ മന്ത്രി സജി ചെറിയനെതിരായ കേസ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സജി ചെറിയനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.