കൊച്ചി: തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. സെപ്റ്റം. രണ്ടിനാണു പ്രധാനമന്ത്രി കൊച്ചി കപ്പൽശാലയിൽ പടക്കപ്പൽ കമ്മീഷൻ ചെയ്യുന്നത്. നാവികസേനയുടെ പതാകയായ 'ദി ഇന്ത്യൻ നേവൽ എൻസൈൻ' ഉയർത്തുന്നതോടെ. നാവികസേന നിലവിൽ ഐഎസി–1 (ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ–1) എന്നു വിളിക്കുന്ന പടക്കപ്പൽ ഐഎസി–1 ഐഎൻഎസ് വിക്രാന്താകും.
രാവിലെ 10നു നടക്കുന്ന കമ്മീഷനിങ് ചടങ്ങിനെത്തുന്ന പ്രധാനമന്ത്രിയെ നാവികസേനയുടെ 150 അംഗ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. തുടർന്നു കപ്പലിനുള്ളിൽ പ്രവേശിക്കുന്ന പ്രധാനമന്ത്രി കപ്പലിന്റെ മുൻവശത്തെ ഫോക്സെൽഡെക്കിൽദേശീയപതാകയും ഇതിനു ശേഷം പിൻവശത്തെ ക്വാർട്ടർ ഡെക്കിൽ നേവൽ എൻസൈനും ഉയർത്തും. തുടർന്നു കപ്പലിൽ സ്ഥാപിച്ചിട്ടുള്ള കമ്മീഷനിങ് പ്ലേറ്റും അനാഛാദനം ചെയ്യും.