കൊച്ചി: ശബരിമലയിൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളി അനുമതി ഇല്ലാതെ ഇളക്കിമാറ്റിയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം. ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ സ്വർണ്ണപ്പാളി ഇളക്കി മാറ്റിയത് അനുചിതമാണെന്നാണ് നിരീക്ഷണം. സ്പെഷൽ കമ്മിഷണറുടെ മുൻകൂർ അനുമതി വേണമെന്ന് ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈക്കോടതിയുടെ അനുമതിയും അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിമർശനം.
കോടതിയുടെ അനുമതി തേടാൻ ദേവസ്വം ബോർഡിന് മതിയായ സമയമുണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ വെള്ളിയാഴ്ച റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല ശ്രീകോവിൽ വാതിലിന്റെ ഇരുവശങ്ങളിലുള്ള ദ്വാരപാലക ശില്പങ്ങളിലെ സ്വർണംപൂശിയ പാളികളാണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ ഇളക്കിയെടുത്ത് അറ്റകുറ്റപണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. തന്ത്രിയുടേയും ദേവസ്വം ബോർഡിന്റെയും അനുമതിയോടെയാണ് പാളികൾ കൊണ്ടുപോയത് എന്നാണ് ദേവസ്വം വിശദീകരിക്കുന്നത്. നടപടിക്രമങ്ങളിൽ പിഴവ് ഉണ്ടായിട്ടില്ലെന്നും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി എസ് പ്രസാദ് പ്രതികരിച്ചിരുന്നു.