തൃശൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച വനിത കർഷക അവാർഡ് ജേതാവായ ജസ്ന അണലിയുടെ കടിയേറ്റു മരിച്ചു. അവാർഡ് ദാനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ജെസ്നയുടെ വിയോഗം. ലോകമലേശ്വരം വെസ്റ്റ് കൊടുങ്ങല്ലൂർ പൊടിയൻ ബസാറിൽ കൊല്ലിയിൽ നിയാസിന്‍റെ ഭാര്യയും വട്ടപറമ്പിൽ പരേതനായ അബുവിന്‍റെ മകളുമാണ് ജസ്ന.
വീടിന്റെ ചുറ്റുപാടും വിവിധ കൃഷികൾ ചെയ്തിരുന്നു. കോഴികളെയും വളർത്തിയിരുന്നു. ഇത്തവണ മട്ടുപ്പാവിൽ ചെണ്ടുമല്ലിയും കൃഷി ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പാണ് ഫീൽഡ് പരിശോധനകൾക്ക് ശേഷം കൃഷിഭവൻ അധികൃതർ ജസ്നയെ മികച്ച വനിത കർഷകയായി തെരഞ്ഞെടുത്തത്. 17ന് അവാർഡ് സമ്മാനിക്കാനും തീരുമാനിച്ചു. വിവരം കൈമാറും മുമ്പേ അവർ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായി.
കഴിഞ്ഞ ഞായറാഴ്ച രാവിലെ കോഴികൾക്ക് തീറ്റ നൽകാനെത്തിയപ്പോഴാണ് ജസ്നയെ പാമ്പുകടിച്ചത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അമ്മയുടെ കാർഷികാഭിരുചിയിൽ ആകൃഷ്ടയായ മൂന്നു മക്കളിൽ ഒരാളായ ജസ്നയെ മൂന്നു വർഷം മുമ്പ് നഗരസഭയിലെ മികച്ച വിദ്യാർഥി കർഷകയായി തെരഞ്ഞെടുത്തിരുന്നു.












































































