കണ്ണൂർ:തളിപ്പറമ്പിൽ നഗരമധ്യത്തിൽ കോടതി ജീവനക്കാരിക്കു നേരെ ആസിഡ് ആക്രമണം. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജീവനക്കാരിയും ഇപ്പോൾ കൂവോട് താമസിക്കുന്ന നടുവിൽ സ്വദേശിയുമായ കെ.സാഹിതയെ (46) മുഖത്തും ശരീരത്തിൻ്റെ മറ്റു ഭാഗത്തും ആസിഡ് വീണ് സാരമായി പൊള്ളലേറ്റ നിലയിൽ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തളിപ്പറമ്പ് സർ സയിദ് കോളജ് ലാബ് ജീവനക്കാരൻ കൂവേരി സ്വദേശി മടത്തിൽ മാമ്പള്ളി അഷ്കറെ (52) പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് മാർക്കറ്റ് റോഡിനു സമീപം തിരക്കേറിയ ന്യൂസ് കോർണർ ജംഗ്ഷനിലാണ് ആക്രമണമുണ്ടായത്.

സാഹിത കോടതിയിൽ
നിന്നു വരുമ്പോൾ മാർക്കറ്റ് റോഡിന് സമീപം കാത്തിരുന്ന അഷ്കർ സമീപത്തേക്കു പോയി
എന്തോ സംസാരിച്ച ശേഷം കുപ്പിയിൽ കൊണ്ടുവന്ന ആസിഡ് സാഹിതയുടെ ദേഹത്തേക്ക് കുടഞ്ഞു.
പിന്നീട് കുപ്പിയോടെ ദേഹത്തേക്കു വലിച്ചെറിഞ്ഞെന്നു പൊലീസ് പറഞ്ഞു. ആക്രമണത്തിൽ
നിലത്തുവീണ സാഹിത അലറിക്കരഞ്ഞു. ആസിഡ് വീണ് തലമുടിയും വസ്ത്രങ്ങളും കരിഞ്ഞു. മുഖത്തും ചുമലിലും കൈകളിലും പൊള്ളലേറ്റു.