തൃശ്ശൂർ: പെരിങ്ങോവിൽ ഇവൻ്റ് മാനേജ്മെൻ്റ് ഗോഡൗണിലേക്ക് പടർന്നുകയറിയ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാൻ കുഴഞ്ഞുവീണു. കുന്നംകുളം ഫയർഫോഴ്സ് യൂണിറ്റിലെ വിപിനാണ് കുഴഞ്ഞുവീണത്. തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ പടർന്നുകയറിയ സ്ഥാപനത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഗോഡൗണിലെ സാധനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു. സ്ഥാപനത്തിന് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്ന് ഉടമ ഷംസുദ്ദീൻ പറഞ്ഞു.കെട്ടിടത്തിൻ്റെ പിൻഭാഗത്ത് തീയിട്ടത് സ്ഥാപനത്തിലേക്ക് പടരുകയായിരുന്നെന്നാണ് വിവരം.
